Friday, April 10, 2015

Enthaanu ' IT ' kaarudae pani ..

Enthaanu ' IT ' kaarudae pani ..explained here😃..Bit lengthy!!!!

അച്ഛന്‍ : “നീ ശരിക്കും എന്ത് ജോലിയാ ചെയ്യുന്നത്?”
തികച്ചും ന്യായമായ ഒരു ചോദ്യം! GB
അച്ഛന്‍ : ”ഈ കമ്പൂട്ടര്‍ പടിച്ചവന്മാരോക്കെ വലിയ ശമ്പളം ഒക്കെ വാങ്ങി കാണിക്കുന്ന പോരുകള്‍ക്ക് ഒരു അരമ്പാതവും ഇല്ലല്ലോ… നീയൊക്കെ ശരിക്കും എന്ത് ജോലിയാ ചെയ്യുന്നത്?”

ചോദിച്ചത് എന്റെ അച്ഛന്‍. ഞാനും വിവരിക്കാന്‍ തുടങ്ങി.
ഞാന്‍ : “സായിപ്പിന് എല്ലാ ജോലിയും വെക്കന്നു തീരണം. അതും അവനു വീട്ടിലിരുന്നു തന്നെ തീര്‍ക്കണം. അതിനു വേണ്ടി എത്ര പണം ചിലവാക്കാനും തയ്യാറാണ് താനും!”
“അത് ശരി… പല്ലുള്ളവന്‍ പക്കോടാ തിന്നുന്ന പോലെ…”.
“ഇതേ പോലെ അമേരിക്കയിലും യൂറോപ്പിലും ഒക്കെ ഉള്ള ബാങ്കുകള്‍ മറ്റു കമ്പനികളും ഒക്കെ, ‘ഞാന്‍ പണം ഇറക്കാന്‍ തയ്യാറാണ്, ഈ പണി ഒന്ന് തീര്‍ത്തു തരൂ’ എന്ന് ചോദിക്കും. ഇങ്ങനെ ചോദിക്കുന്നവരെ Client എന്ന് വിളിക്കും.”
“ശരി”
“ഇത് പോലെ ഉള്ള ക്ലയന്റുകളെ മണത്തു പിടിക്കാനായി അവടവടെ കൊറേ അളിയന്മാരെ നിയമിചിട്ടുണ്ടാവും…അവന്മാരെ ‘Sales Consultants, Pre-Sales Consultants’ എന്ന് ഞങ്ങള്‍ വിളിക്കും… ഇവന്മാരാണ് ക്ലയന്റിനെ നേരിട്ട് കണ്ടു സംസാരിക്കുന്നത്.
പണം ഇറക്കുന്നവന്‍ ചുമ്മാ അങ്ങ് കൊടുക്കൂലല്ലോ. നൂറായിരം ചോദ്യങ്ങള്‍ ചോദിക്കും… ഇത് ചെയ്യാമോ, അത് ചെയ്യാമോ…അങ്ങനങ്ങനെ. അളിയന്മാരുടെ പണി, അവര് ചോദിക്കുന്നതിനെല്ലാം പറ്റും എന്ന് പറയുന്നതാണ്.”
“ഇവന്മാരൊക്കെ എന്തോന്ന് പഠിച്ചിട്ടുണ്ടാവും?”
“MBA, MSന്ന് കൊറേ പഠിച്ചിട്ടുണ്ടാവും.”
“പറ്റും എന്ന് മാത്രം പറയാന്‍ MBA വരെ പഠിക്കണോ?”
ആ ചോദ്യം ഒരു ചെക്ക് മേറ്റ്‌ ആയി പോയി!
“ശരി ഇവന്മാര് പോയി സംസാരിച്ചാല്‍ ഉടനെ ക്ലയന്റ് സായിപ്പ്‌ പ്രോജക്റ്റ്‌ തരുമോ?”
“അതെങ്ങനെ? ഇത് പോലത്തെ അളിയന്മാര് എല്ലാ കമ്പനിക്കും ഉണ്ട്. അഞ്ഞൂറ് ദിവസത്തെ പണി അമ്പതു ദിവസം കൊണ്ട് തീര്‍ത്തു തരാം എന്ന് ലേലം വിളിക്കും. ഇതില്‍ ആര് ഏറ്റവും കുറവ് സമയം പറയുന്നോ, അവര്‍ക്ക്‌ പ്രോജക്റ്റ്‌.”
“അഞ്ഞൂറ് ദിവസത്തെ പണി എങ്ങനെ നീ അമ്പത്‌ ദിവസം കൊണ്ട് തീര്‍ക്കും? രാത്രീം പകലും കൂടെ പണിഞ്ഞാലും തീരൂല്ലല്ലോ…”
“ഇവിടെ നമ്മുടെ കുടില തന്ത്രങ്ങള്‍ അച്ഛന്‍ മനസ്സിലാക്കണം. അമ്പത്‌ ദിവസം എന്ന് പറയുമ്പോഴേ ക്ലയന്റ് നമ്മടെ വലയില്‍ വീഴും. പക്ഷെ, ഈ അമ്പത്‌ ദിവസം കൊണ്ട് അവന് എന്താണെന്ന് നമുക്കും അറിയില്ല, അവനും അറിയില്ല! പക്ഷെ, അമ്പതാമത്തെ ദിവസം പ്രോജക്റ്റ്‌ എന്നൊരു സാധനം ഞങ്ങള്‍ deliver ചെയ്യും. അത് കണ്ടിട്ട്, അയ്യോ! ഇതല്ല ഞങ്ങള്‍ക്ക് വേണ്ടത്‌ മറ്റേതാണ്… എന്ന് അവന്‍ അലമ്പിറക്കാന്‍ തുടങ്ങും.”
“എന്നിട്ട്…” (അച്ഛന് സംഗതി ബോധിച്ചു)
“അപ്പൊ നമ്മള്‍ ജയഭാരതിയെ കണ്ട ടി.ജി.രവിയെ പോലെ കയ്യൊക്കെ തിരുമ്മി, ‘ഇതിനു CR Raise ചെയ്തേക്കാം’ എന്ന് പറയും”
“CR എന്ന് പറഞ്ഞാല്‍?”
“CR എന്ന് പറഞ്ഞാല്‍ Change request. ഇത് വരെ നീ തന്ന പണത്തിനു ഞങ്ങള്‍ പണിഞ്ഞു കഴിഞ്ഞു… ഇനി എന്തെങ്കിലും തരണമെങ്കില്‍ വേറെ കാശിറക്കണം എന്ന് പറയും. ഇങ്ങനെ, അമ്പത്‌ നാള്‍ കൊണ്ട് തീര്‍ക്കേണ്ട പണി, അഞ്ഞൂറ് ദിവസം വലിച്ചു നീട്ടും”
“ഇതിനു അവന്‍ സമ്മതിക്കുമോ?” (അച്ഛന് ഒരു കണ്ഫ്യൂഷന്‍ പേടി)
“അവന്‍ സമ്മതിച്ചേ പറ്റൂ… മുടിവെട്ടുന്ന പണി പകുതിക്ക് നിര്‍ത്തി പോകാന്‍ പറ്റുമോ? അത് പോലെ തന്നെ ഇതും!”
“ശരി, ഈ പ്രോജക്റ്റ്‌ നിങ്ങള്ക്ക് കിട്ടിയ ഉടന്‍ നിങ്ങള്‍ എന്ത് ചെയ്യും?”
“ആദ്യം ഒരു ടീം ഉണ്ടാക്കും. അതില്‍ ഒരു പ്രോജക്റ്റ്‌ മാനേജര്‍ ഉണ്ടാവും. അങ്ങേരാണ് തലവന്‍. പ്രോജക്റ്റ്‌ കസറിയാലും പാളിയാലും ഇയാളാണ് ഉത്തരവാദി”.

“അപ്പൊ, അയാള്‍ക്ക്‌ നിങ്ങളൊക്കെ ചെയ്യുന്ന ജോലികളെ കുറിച്ച് നല്ല പിടിപാടായിരിക്കും അല്ലെ?”
“അങ്ങനെ ഒന്നുമില്ല… അയാള്‍ക്ക്‌ ഞങ്ങള്‍ എന്താണെന്ന് ഒരു പിടിയും കാണില്ല”
“പിന്നെ അയാള്‍ക്കെന്താ അവിടെ പണി?” ആകെ കണ്ഫ്യൂഷം.
“ഞങ്ങള്‍ എന്ത് കുഴപ്പം ഒപ്പിചാലും ഇയാളെ ചൂണ്ടി കാണിക്കും. ആര് എപ്പോ പണി തരും എന്ന് അറിയാതെ, ടെന്‍ഷനായി തളര്‍ന്നു ടെന്ഷനാവുന്നതാണ് ഇയാളുടെ പ്രധാന പണി.”
“പാവം”
“അയാള് ശരിക്കും പാവമാണ് കേട്ടോ… ഞങ്ങള്‍ക്കൊക്കെ എന്ത് പ്രശ്നമുണ്ടെങ്കിലും ആളോട് ചെന്ന് പറയാം.”
“എല്ലാ പ്രശ്നവും തീര്‍പ്പാക്കി തരുമോ?”
“ഏയ്‌.. ഒരു പ്രശ്നം പോലും തീര്‍ക്കാന്‍ പുള്ളിക്ക് പറ്റില്ല. ഞങ്ങടെ പ്രശ്നം മുഴുവന്‍ കേട്ടിട്ട്, ‘എനിക്ക് നിന്റെ പ്രശ്നം മനസ്സിലാവുന്നുണ്ട്’ എന്ന് പറയും. അതാണ്‌ പുള്ളീടെ പണി.”
“ഞാന്‍ നിന്റെ അമ്മയോട് പറയുന്ന പോലെ.”
“അങ്ങേരുടെ താഴെ ടെക് ലീഡ്‌, മോഡ്യൂള്‍ ലീഡ്‌, ഡെവലപ്പര്‍, ടെസ്ടര്‍ എന്നിങ്ങനെ കുറെ പേര്‍ ഉണ്ടാവും.”
“ഓഹോ… ഇത്രേം പേര് ഒരുമിച്ചു ജോലി ചെയ്‌താല്‍ ജോലിയൊക്കെ എളുപ്പം തീര്‍ക്കാം, അല്ലെ?”
“ജോലി ചെയ്താലല്ലേ തീരൂ! അവസാനം പറഞ്ഞ രണ്ടു പേരില്ലേ, ഡെവലപ്പറും ടെസ്ടറും… അവര് മാത്രമേ പണി ചെയ്യൂ. അതിലും, ആ ഡെവലപ്പര്‍ ജോലിക്ക് കേറുമ്പോള്‍ തന്നെ ‘മോനെ, നീയാണ് ഈ കുടുമ്പത്തിന്റെ വിളക്ക്’ എന്ന് പറഞ്ഞു ചന്ദനക്കുറിയും തൊട്ടു വീട്ടില്‍ നിന്ന് ഇറങ്ങുന്ന എന്നെ പോലെ ഉള്ള പാവം ചെക്കന്മാരെയാണ് എടുക്കുന്നത്.”
“ആ ടെസ്ടര്‍ക്ക് എന്താണ് പണി?”
“കുറ്റം കണ്ടുപിടിക്കല്‍ മാത്രം… ഒരു മാതിരി അമ്മായിയമ്മയെ പോലെ… അത് ഇങ്ങനെ ചെയ്യല്ല് ഇത് അങ്ങനെ ചെയ്യല്ല് എന്ന് പറയുന്ന പോലെ.”
“ഒരുത്തന്റെ കുറ്റം കണ്ടുപിടിക്കാന്‍ വേറെ ഒരുത്തന് ശമ്പളമോ? ശരി, ഇവന്മാരെന്കിലും ജോലി ചെയ്യുമോ? പറഞ്ഞ സമയത്ത്‌ ജോലി ചെയ്തു തീര്‍ക്കുമോ?”
“അതെങ്ങനെ? പറഞ്ഞ സമയത്ത് ജോലി തീര്‍ത്തു കൊടുത്താല്‍ അതിന്റെ കുറ്റബോധം ജീവിതകാലം മുഴുവനും കൊണ്ടുനടക്കണം. ചിലര്‍ അതിനായി ആത്മഹത്യക്ക്‌ വരെ ശ്രമിച്ചിട്ടുണ്ട്.”
“ക്ലയന്റ് വെറുതെ വിടുമോ? എന്ത് താമസം എന്ന് ചോദിക്കൂലെ?”
“അവന് ചോദിക്കാനെ പറ്റൂ… അത് വരെ ടീമിനകത്ത് പാരകള്‍ പണിഞ്ഞിരുന്ന ഞങ്ങള്‍ എല്ലാം കൂടെ ക്ലയന്റിന് ഒരു പാര പണിയും!”
“എങ്ങനെ?”
“നീ തന്ന മോണിട്ടറില്‍ പൊടി ഉണ്ടായിരുന്നു, ടീം മീറ്റിംഗ് നടന്നപ്പോ നീ എന്നെ നോക്കി ചുമച്ചു, നിന്റെ ഷര്‍ട്ടിന്റെ കൈ മടക്കി വച്ചിരുന്നു, എന്നൊക്കെ എന്തെങ്കിലും അങ്ങ് പറയും. അവനും.. ഓക്കേ ഓക്കേ എന്ന് പറഞ്ഞു, വേലീല്‍ കെടന്നതിനെ എവിടെയോ വച്ച പോലെ നടക്കുന്നത് നടക്കട്ടെ എന്ന് കൊണ്ട് നടക്കും”
“ശകലം താമസിച്ചാലും അതങ്ങു തീര്‍ത്തു തലവേദന ഒഴിവാക്കുന്നതല്ലേ നല്ലത്?”
“അങ്ങനെ ചെയ്‌താല്‍ നാട്ടില്‍ ഒരുത്തനും ജോലി ഉണ്ടാവില്ല.”
“പിന്നെ?”
“പ്രോജെക്റ്റ്‌ തീരാറാവുമ്പോള്‍ ഞങ്ങള്‍ എന്തോ വലിയ ഒരു സംഭവം ചെയ്ത പോലെ സീന്‍ ഉണ്ടാക്കും. അവന് നേരെ ചൊവ്വേ ഒന്നും പറഞ്ഞു കൊടുക്കില്ല. അബദ്ധവശാല്‍ അവന്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ കണ്ഫ്യൂസ് ചെയ്യിക്കും.”
“എന്നിട്ട്?”
“അവന്‍ പേടിച്ചിട്ടു, ‘ഞങ്ങളെ വിട്ടിട്ട് പോകല്ലേ, ഒരു ടീമിനെ Maintenance & Support ഉണ്ടാക്കൂ എന്ന് പറയും. അത് വര്‍ഷക്കണക്കില്‍ ഓടും! പ്രോജക്റ്റ്‌ എന്ന് പറയുന്നത് ഒരു പെണ്ണിനെ കല്യാണം കഴിചോണ്ട് വരുന്നത് പോലെയാണ്. താലി കെട്ടിയാല്‍ മാത്രം പോര. ഹണിമൂണിന് പോണം, പട്ടു സാരി വാങ്ങി കൊടുക്കണം, ബീച്ചില്‍ പോണം… കാലം മുഴുവന്‍ കൂടെ കൊണ്ട് നടക്കണേല്‍ ചിലവാണ്… ഇതൊക്കെ അപ്പോഴേ ക്ലയന്റിന് മനസ്സിലാവൂ.”
“ഇപ്പൊ എല്ലാം മനസ്സിലായി!”

0 comments:

Post a Comment

We value your comments and suggestions

 

My Blog List

Followers

Fave This

WhatsApp Hitz Copyright © 2009 Not Magazine 4 Column is Designed by Ipietoon Sponsored by Dezigntuts